NRI
മെൽബൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിക്ടോറിയ ക്നാനായ കത്തോലിക്ക കോൺഗ്രസ് (വികെസിസി) പ്രസിഡന്റ് ജോജി സി. ബേബി കുന്നുകാലായിൽ കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓസ്ട്രേലിയൻ സന്ദർശനത്തിന്റെ ഭാഗമായി നടന്ന ഈ കൂടിക്കാഴ്ച, വിക്ടോറിയൻ ക്നാനായ സമൂഹത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
ഓഷ്യാനയിലെ മുഴുവൻ ക്നാനായർക്കും ഏറെ അഭിമാന നിമിഷമാണ് ഇത് സമ്മാനിച്ചത്. Australia India Friendship Forum (AIF) സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലായിരുന്നു ഈ ചരിത്രപരമായ കൂടിക്കാഴ്ച നടന്നത്.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ്, വിക്ടോറിയൻ പ്രീമിയർ ജസിന്ത അലൻ എന്നിവരുൾപ്പെടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും വിവിധ ഇന്ത്യൻ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ക്നാനായ പൈതൃകം പ്രധാനമന്ത്രിക്ക് മുന്നിൽ
വിക്ടോറിയ ക്നാനായ കത്തോലിക്ക കോൺഗ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജോജി സി. ബേബി കുന്നുകാലായിൽ, ക്നാനായ സമൂഹം ഓസ്ട്രേലിയയിൽ നടത്തുന്ന സാമൂഹിക, സാംസ്കാരിക, ആത്മീയ, ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരിചയപ്പെടുത്തി.
കഴിഞ്ഞ ഏപ്രിലിൽ സിഡ്നിയിൽ വച്ച് വൻ വിജയമായി തീർന്ന "ഓഷ്യാന പൈതൃകം' മഹാസമ്മേളനത്തെക്കുറിച്ചും ഓഷ്യാനയിലെ ക്നാനായ സമൂഹത്തിന്റെ ഐക്യത്തെക്കുറിച്ചും അദ്ദേഹം പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രിയുമായി നേരിട്ട് ആശയവിനിമയം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ അവിസ്മരണീയമായ അനുഭവങ്ങളിലൊന്നാണ്. ഈ ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയ Australia India Friendship Forum (AIF)-നോട് നന്ദി രേഖപ്പെടുത്തുന്നു.
- ജോജി സി. ബേബി കുന്നുകാലായിൽ (VKCC പ്രസിഡന്റ്)
ആഗോളതലത്തിൽ അഭിനന്ദനപ്രവാഹം
ക്നാനായ സമൂഹം സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം അഭിനന്ദിച്ചു. പ്രവാസി ഇന്ത്യക്കാർ രാജ്യത്തിന്റെ പൈതൃകവും മൂല്യങ്ങളും ലോകമെമ്പാടും ഉയർത്തിപ്പിടിക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസും ക്നാനായ സമൂഹത്തിന്റെ സേവന പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും സമൂഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.
ഇത് വിക്ടോറിയൻ ക്നാനായ സമൂഹത്തിനു മാത്രമുള്ള അംഗീകാരമല്ല, മറിച്ച് ഓഷ്യാനയിലെ മുഴുവൻ ക്നാനായ സമൂഹത്തിനും ലഭിച്ച ആദരവാണെന്ന് KCCO പ്രസിഡന്റ് ജോസ് അബ്രഹാം അഭിപ്രായപ്പെട്ടു.
വർഷങ്ങളായി സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ ക്നാനായ സമൂഹം നടത്തുന്ന പ്രവർത്തനങ്ങൾ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടതിന്റെ തെളിവാണ് ഈ കൂടിക്കാഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിക്ടോറിയൻ ക്നാനായ സമൂഹത്തിന്റെ സാന്നിധ്യവും സേവന പ്രവർത്തനങ്ങളും ദേശീയ-അന്തർദേശീയ തലത്തിൽ കൂടുതൽ ശ്രദ്ധ നേടുന്നതിന്റെ പ്രതീകമായി ഈ കൂടിക്കാഴ്ചയെ പ്രവാസി സമൂഹം വിലയിരുത്തുന്നു.
International
മെൽബൺ: ഇന്ത്യൻ പ്രതിരോധ കരുത്തിന്റെ പ്രകമ്പനം ലോകമാകെ അറിയിക്കാൻ ഓപ്പറേഷൻ സിന്ദൂറിന് കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്ട്രേലിയായിലെ പ്രവാസി സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓസ്ട്രേലിയൻ പ്രധാനമന്ത്രിയടക്കം പങ്കെടുത്ത ചടങ്ങിലാണ് ഭീകരരുടെ ഒളിയിടങ്ങളെ തകർത്ത ഇന്ത്യയുടെ സൈനിക നീക്കത്തെക്കുറിച്ച് മോദി വാചാലനായത്.
ഭീകരകേന്ദ്രങ്ങളിലാണ് സ്ഫോടനം നടന്നതെങ്കിലും അതിന്റെ പ്രകമ്പനം ലോകം മുഴുവൻ എത്തി. രാജ്യത്തിന്റെ ഈ പ്രതിരോധ ശേഷിയിൽ പ്രവാസികളായ നിങ്ങൾക്കേവർക്കും അഭിമാനമില്ലേയെന്നും മോദി ജനക്കൂട്ടത്തോട് ചോദിച്ചു. കൂടുതൽ വളരൂ, കൂടുതൽ നേട്ടം കൈവരിക്കൂ എന്നതാണ് പുതിയ ഇന്ത്യയുടെ മുദ്രാവാക്യമെന്നും മെൽബണിലെ വൻ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയായ ശേഷം ഇത് മൂന്നാം തവണയാണ് താൻ ഓസ്ട്രേലിയയിൽ എത്തുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒപ്പം ഓസ്ട്രേലിയയുടെ സാംസ്കാരിക വൈവിധ്യത്തിന് വൻ സംഭാവന നൽകുന്നവരാണ് അവിടെയുള്ള ഇന്ത്യൻ സമൂഹം. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉടൻ മാറും.
കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ മേക്ക് ഇൻ ഇന്ത്യ എന്നത് ഒരു ആഗോള ബ്രാൻഡായി പരിണമിച്ചു. ഇന്ത്യൻ മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഓട്ടോമൊബൈൽ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ എന്നിവ ഇന്ന് ലോകമെമ്പാടുമുള്ള വിപണികളിൽ വ്യാപിച്ചുകഴിഞ്ഞു. നിലവിൽ ഇന്ത്യയിൽ രണ്ട് ലക്ഷത്തിലധികം രജിസ്റ്റർചെയ്ത സ്റ്റാർട്ടപ്പുകളുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
NRI
മെൽബൺ: പത്ത് വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിന് അറുതിവരുത്തിക്കൊണ്ട് കേരള സംസ്ഥാന ഭരണം യുഡിഎഫ് തിരിച്ചു പിടിച്ചതിന്റെ വിജയാഘോഷം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മെൽബണിൽ വർണാഭമായി കൊണ്ടാടി.
മുൻ കേന്ദ്രമന്ത്രിയും ഇപ്പോൾ ഇന്ത്യൻ പാർലമെന്റ് അംഗവുമായ മനീഷ് തിവാരി, റോവിൽ ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു. 102 എംഎൽഎമാരുമായി ഭരണം തിരിച്ചു പിടിച്ച വി.ഡി. സതീശൻ നേതൃത്വം കൊടുക്കുന്ന കേരള സർക്കാരിനെ മനീഷ് തിവാരി പ്രത്യേകം അഭിനന്ദിച്ചു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയാ കേരള ചാപ്റ്റർ പ്രസിഡന്റ് റോബിൻ ജോസഫ് അധ്യക്ഷത വഹിച്ചു. ഐഒസി ഓസ്ട്രേലിയൻ പ്രസിഡന്റ് മനോജ് ഷെറോൺ മുഖ്യ പ്രഭാഷണം നടത്തി. രാജസ്ഥാൻ നാഗർ നിയമസഭാ മണ്ഡലം എംഎൽഎയായിരുന്ന വാജിബ് അലി വിശിഷ്ടാതിഥിയായിരുന്നു.
ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് വീഡിയോ കോൺഫറൻസിലൂടെ ആശംസകളറിയിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ ഓസ്ട്രേലിയൻ പ്രസിഡന്റ് പി.വി. ജിജേഷും വിക്ടോറിയൻ പ്രസിഡന്റ് റോബിൻ ജോസഫും ചേർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു.
NRI
കാൻബറ: ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് എംഎൽഎമാർക്കുള്ള പ്രത്യേക അനുമോദനവും സൗഹൃദ സംഗമവും വിപുലമായ പങ്കാളിത്തത്തോടെ നടന്നു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഐഒസി ഓസ്ട്രേലിയ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്ത പരിപാടി സംഘടനയുടെ ഐക്യവും കൂട്ടായ്മയും വീണ്ടും തെളിയിച്ചു. പരിപാടിക്ക് ഐഒസി ഓസ്ട്രേലിയ ജനറൽ സെക്രട്ടറി സോബൻ തോമസ് സ്വാഗതം ആശംസിച്ചു.
തുടർന്ന് കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് ജിജേഷ് അധ്യക്ഷത വഹിച്ചു. തന്റെ അധ്യക്ഷ പ്രസംഗത്തിൽ സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ, കേരള സമൂഹത്തിന്റെ ഐക്യം, യുവജനങ്ങളുടെ പങ്കാളിത്തം, സമൂഹ സേവന പ്രവർത്തനങ്ങളുടെ ആവശ്യകത എന്നിവ അദ്ദേഹം വിശദീകരിച്ചു.
NRI
മെൽബൺ: കല്ലറ നരിക്കുഴിയിൽ ജോസ് പി. നരിക്കുഴി (89, കല്ലറ രശ്മി തിയറ്റർ ഉടമ) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 12ന് ഡാൻഡെനോംഗ് സൗത്ത്ഈസ്റ്റ് മെൽബൺ സെന്റ് തോമസ് സീറോമലബാർ ചർച്ചിലെ ശുശ്രൂഷകൾക്കു ശേഷം ബാനുറോംഗ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ.
ഭാര്യ പരേതയായ മേരി പൂഞ്ഞാർ വയലിൽ കുടുംബാഗം. മക്കൾ: സാബു നരിക്കുഴി (കല്ലറ), ഷാജി ജോസ്, ജോർജ് നരിക്കുഴി, നിർമ്മല, പുഷ്പ (എല്ലാവരും മെൽബൺ, ഓസ്ട്രേലിയ).
മരുമക്കൾ: റോസമ്മ വടക്കേത്തൊട്ടിയിൽ ആയാംകുടി, നിർമ്മല പാലക്കാട്ട് കുപ്പായക്കോട്, ഷേർളി കൈതവേലിൽ കിടങ്ങൂർ, സെബാസ്റ്റ്യൻ ഇരുപൂളങ്ങാട്ടിൽ മോനിപ്പള്ളി, ജോമോൻ വഞ്ചിപ്പുര വാലാച്ചിറ (എല്ലാവരും ഓസ്ട്രേലിയ).
പരേതരായ ഫാ.മരിയദാസ് (വാഗമൺ കുരിശുമല ആശ്രമം), ഫാ. ദയാനന്ദ് ഐഎംഎസ് എന്നിവർ സഹോദരന്മാരും ഫാ. ജോയി മരങ്ങാട്ടിക്കാല എസ്ഡിബി, ഫാ ജോണി ഒറവുങ്കര, താമരശേരി എന്നിവർ സഹോദരീ പുത്രന്മാരും ആണ്.
NRI
മെൽബൺ: ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മൊറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ ഫെബ്രുവരിയിൽ ഓസ്ട്രേലിയയിലെ മെൽബണിൽ അപ്പസ്തോലിക സന്ദർശനം നടത്തുന്നു.
ഈ സന്ദർശനം ഓസ്ട്രേലിയയിലെ വിശ്വാസികൾക്ക് ആത്മീയ ഉണർവിന്റെയും ഐക്യത്തിന്റെയും നിമിഷമായിരിക്കുമെന്ന് ഓസ്ട്രേലിയയിലെ മലങ്കര സുറിയാനി ഓർത്തഡോക്സ് ആർച്ച്ഡയസീസ് അറിയിച്ചു.
ഇതിന്റെ ഭാഗമായി മെൽബണിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ബാവ സന്ദർശനം നടത്തും. ശനിയാഴ്ച രാവിലെ 11ന് പരിശുദ്ധ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും.
International
ന്യൂഡൽഹി: ഓസ്ട്രേലിയയിലെ മെൽബണിൽ സ്ഥാപിച്ചിരുന്ന ഗാന്ധിപ്രതിമ കവർച്ച ചെയ്യപ്പെട്ടു.
ഓസ്ട്രേലിയൻ ഇന്ത്യൻ കമ്യൂണിറ്റി സെന്ററിലുണ്ടായിരുന്ന വെങ്കല പ്രതിമയാണ് ജനുവരി 12ന് കവർന്നത്. സംഭവത്തിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചു. 420 കിലോ തൂക്കമുള്ള പ്രതിമ അറത്താണ് മോഷ്ടാക്കൾ കൊണ്ടുപോയത്.
ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐസിസിആർ) സംഭാവന ചെയ്ത ഗാന്ധിപ്രതിമ 2021ൽ അന്നത്തെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ആണ് അനാച്ഛാദനം ചെയ്തത്.
Sports
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ സ്പാനിഷ് താരം കാർലോസ് അൽകാരസിനു കിരീടം. നാലു സെറ്റുകൾ നീണ്ടുനിന്ന പോരാട്ടത്തിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ചിനെ തറപറ്റിച്ചാണ് അൽകാരസ് കിരീടത്തിൽ മുത്തമിട്ടത്.
സ്കോർ: 2-6, 6-2, 6-3, 7-5. ആദ്യ സെറ്റ് നഷ്ടമായ അൽകാരസ് പിന്നീടുള്ള മൂന്നു സെറ്റുകളും വിജയിച്ചാണ് ഓസ്ട്രേലിയൻ ഓപ്പൺ ജയിച്ചത്. വിജയത്തോടെ കരിയർ ഗ്രാൻസ്ലാം നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡും 22 വയസുകാരനായ അൽകാരസിന്റെ പേരിലായി.
ആദ്യ സെറ്റ് 6-2 ന് ജോക്കോവിച്ച് നേടിയെങ്കിലും രണ്ടാം സെറ്റിൽ അൽകാരസ് ശക്തമായി തിരിച്ചുവന്നു. ജോക്കോവിച്ചിന്റെ സർവീസുകൾക്ക് മികച്ച റിട്ടേണുകൾ നൽകിയ താരം 6-2 ന് സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റിൽ പൊരുതാൻ ഉറച്ചെത്തിയ സെർബിയൻ താരത്തിനു അൽകാരസിന് മുന്നിൽ അധിക നേരം പിടിച്ചു നിൽക്കാനായില്ല.
ഒടുവിൽ 6-3 ന് സെറ്റ്പിടിച്ചെടുത്ത് സ്പാനിഷ് താരം മുന്നിലെത്തി. നാലാം സെറ്റിന്റെ അതിവേഗത്തിലുള്ള നീക്കങ്ങളിലുടെ വീണ്ടും അൽകാരസ് മുന്നിലെത്തി. എന്നാൽ ജോക്കോവിച്ചും വിട്ടുകൊടുത്തില്ല. ഇതോടെ സ്കോർ 5-5 എന്ന നിലയിലായി.
സെറ്റ് സ്കോർ 6-5 എന്ന നിലയിലായതോടെ മത്സരം ടൈ ബ്രേക്കറിലേക്കു നീണ്ടു. തുടർന്ന് തീപാറുന്ന പോരാട്ടമാണ് നടന്നത്. അവസാനം 7-5ന് ജയിച്ച് അൽകാരസ് കിരീടത്തിൽ മുത്തമിട്ടു.
NRI
മെൽബൺ: ഭാരതീയ സംസ്കാരത്തിൽ അലിഞ്ഞ അമര മേളം കടല് കടന്നു കംഗാരു നാട്ടിലും എത്തിച്ചേർന്നു. ഓസ്ട്രേലിയയിലെ മെൽബൺ സൗത്ത് സീറോമലബാർ സെന്റ് തോമസ് പാരീഷിന്റെ കീഴിൽ രൂപം കൊണ്ട സാന്തോം ബീറ്റ്സ് എന്ന ചെണ്ട മേള ട്രൂപ്പിന്റെ മേള അരങ്ങേറ്റം 2025ലെ ഇടവക തിരുനാൾ ദിനമായ നവംബർ ഒമ്പതിന് ദേവാലയാങ്കണത്തിൽ നടന്നു.
ഇടംതലയും വലംതലയും ഇലത്താളവും ചേർന്നൊരു വാദ്യ വിസ്മയ മേളം തിരുനാൾ മധ്യസ്ഥ വിശുദ്ധരുടെ മുൻപിൽ ഉയർന്നപ്പോൾ സദസ് മനസുകൊണ്ട് നാട്ടിലെ ദേവാല തിരുനാൾ അങ്കണങ്ങളിലേക്കു യാത്ര ചെയ്തിട്ടുണ്ടാകും എന്നത് തീർച്ചയാണ്.
താളവും കൊട്ടും ചേര്ന്ന് 28 ഓളം വരുന്ന കലാകാരന്മാരുടെ മനസിലും കെെയിലും ചെണ്ടമേളത്തിന്റെ ശ്രാവ്യ ഭംഗി പിറന്നപ്പോൾ പതികാലത്തിലെ പ്രയോഗങ്ങള്, കൈശുദ്ധി, നേരുകോല്ക്കനം, മനോധര്മ്മം ഇതെല്ലാം സമന്വയിക്കുകയായി.
Sports
മെൽബൺ: ക്രിക്കറ്റ് പരിശീലനത്തിനിടെ ബോൾ കഴുത്തിൽക്കൊണ്ട് പരിക്കേറ്റ 17 വയസുകാരൻ മരിച്ചു. ചൊവ്വാഴ്ച ഫെർൻട്രീ ഗല്ലിയിൽവച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ബെൻ ഓസ്റ്റിനാണ് മരിച്ചത്.
ഹെല്മറ്റ് ധരിച്ചിരുന്നെങ്കിലും ബൗളിംഗ് മെഷീനില് നിന്ന് എത്തിയ പന്ത് ബെന്നിന്റെ കഴുത്തിനും തലക്കുമിടക്കുള്ള ഭാഗത്ത് ഇടിക്കുകയായിരുന്നു. ഗുരുതരാമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച മരണം സംഭവിച്ചു.
പ്രദേശിക ക്ലബുകളായ ഫെര്ട്രി ഗല്ലിയും എയില്ഡണ് പാര്ക്കും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി നെറ്റ്സില് പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം. ഫെർൻട്രീ ഗല്ലി ക്രിക്കറ്റ് ക്ലബിന്റെ താരമായിരുന്ന ബെൻ ഓസ്റ്റിൻ.
ബെന്നിന്റെ അച്ഛൻ ജെയ്സാണ് മരണവാർത്ത ലോകത്തെ അറിയിച്ചത്. കൗമാരതാരത്തിന്റെ വിയോഗത്തിൽ ഫെർൻട്രീ ഗല്ലി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.
ഫെര്ട്രി ഗല്ലി, മള്ഗ്രേവ്, എല്ഡണ് പാര്ക്ക് ക്രിക്കറ്റ് ക്ലബുകളില് സജീവ അംഗമായിരുന്ന ബെന്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റായ ഷെഫീൽഡ് ഷീൽഡിനിടെ പന്ത് തലയിൽക്കൊണ്ട് 2014ൽ ഓസ്ട്രേലിയൻ താരം ഫിൽ ഹ്യൂസ് മരിച്ചിരുന്നു.
NRI
മെൽബൺ: മാർത്തോമ്മാ പള്ളി ഓണാഘോഷം "ഓണം ഫിയസ്റ്റ' സംഘടിപ്പിച്ചു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ ഒരു ഉജ്വലമായ പ്രദർശനമായിരുന്ന ഈ പരിപാടി.
ആക്ടിംഗ് സ്പീക്കറും വിക്ടോറിയൻ പാർലമെന്റ് അംഗവുമായ ലോറൻ കഥാജ് എംപി മുഖ്യാതിഥിയായിരുന്നു. സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി വികാരി റവ.ഫാ. ജിബിൻ സാബു വിശിഷ്ടാതിഥിയായിരുന്നു.
കഥാജ് "നിലവിളക്ക്' കൊളുത്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. റവ.ഫാ. ജിബിൻ സാബു ഓണപ്രസംഗം നടത്തി. മെൽബൺ മാർത്തോമ്മാ പള്ളി വികാരി റവ. ഫിലിപ്പ് മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന പ്രാർഥനയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്.
International
മെൽബണ്: സെന്റ് തോമസ് സീറോ മലബാർ മെൽബണ് സൗത്ത് ഈസ്റ്റ് ഇടവക ദേവാലയത്തിന്റെ കൂദാശകർമം ജൂലൈ 12ന് മെൽബണ് സമയം രാവിലെ 9.30ന് നടക്കും. സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ കൂദാശകർമം നിർവഹിക്കും. മെൽബണ് രൂപത അധ്യക്ഷൻ ബിഷപ് മാർ ജോണ് പനംതോട്ടത്തിൽ, മെൽബണ് രൂപതയുടെ പ്രഥമ ബിഷപ് മാർ ബോസ്കോ പുത്തൂർ, മെൽബണ് അതിരൂപത സഹായ മെത്രാൻ ആന്റണി ജോണ്, അയർലൻഡ് വാഗ രൂപത ബിഷപ് മാർക്ക് എഡ്വേർഡ്, രൂപത വികാരി ജനറാളും ഇടവക വികാരിയുമായ മോണ്. ഫ്രാൻസിസ് കോലഞ്ചേരി, ചാൻസലർ ഫാ. സിജീഷ് പുല്ലൻകുന്നേൽ തുടങ്ങിയവർ കൂദാശകർമത്തിൽ പങ്കെടുക്കും.
ദേവാലയ കൂദാശയുടെ ശിലാഫലകം മാർ റാഫേൽ തട്ടിൽ അനാച്ഛാദനം ചെയ്യും. ദേവാലയ കൂദാശകർമത്തിനുശേഷം മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന.
2013 ഡിസംബർ 23നാണ് ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പ മെൽബണ് ആസ്ഥാനമായി ഇന്ത്യക്ക് പുറത്തെ രണ്ടാമത്തെ സീറോ മലബാർ രൂപതയായി മെൽബണ് രൂപത പ്രഖ്യാപിച്ചത്. മെൽബണ് സീറോ മലബാർ രൂപതയിൽ പണി പൂർത്തീകരിച്ച ആറാമത്തെ ദേവാലയമാണ്. മെൽബണ് സൗത്ത് ഈസ്റ്റ് സെന്റ് തോമസ് ഇടവക ദേവാലയം. മെൽബണ് സീറോ മലബാർ രൂപതയിലെ ഏറ്റവും വലിയ ഇടവകകളിലൊന്നായ, 1,100 ഓളം കുടുംബങ്ങളുള്ള മെൽബണ് സൗത്ത് ഈസ്റ്റ് ഇടവകയിലെ വിശ്വാസീസമൂഹത്തിന്റെ ദീർഘനാളത്തെ പ്രാർത്ഥനയുടെയും ത്യാഗത്തിന്റെയും കൂട്ടായ്മയുടെയും ഫലമാണ് കൂദാശക്കായി ഒരുങ്ങുന്ന മെൽബണ് സൗത്ത് ഈസ്സ് ഇടവക ദേവാലയം.